Tuesday 15 June 2021

കനൽ

* കനലുകൾക്കൊപ്പം *വിദ്യാർത്ഥികൾ*

ഹരിപ്പാട്: വയോജനങ്ങൾക്കെതിരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനായി വയോജന സംരക്ഷണ ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി
ടി കെ മാധവ മെമ്മോറിയൽ കോളേജിലെ എൻ എസ് എസ് വോളൻ്റിയർമാരാണ് മുൻ തലമുറയിലുള്ളവരെ ഓൺലൈൻ സംവിധാനത്തിലൂടെ ചേർത്തു പിടിച്ചത്. തദവസരത്തിൽ പ്രശസ്ത വിപ്ലവ ഗായിക പി കെ മേദിനിയമ്മയുടെ വിശിഷ്ട സാന്നിദ്ധ്യവും ശ്രദ്ധേയമായി.

അറിവും, അനുഭവവും, പരസ്പരം കൈമാറിയപ്പോൾ മുതിർന്നവർക്കും. കുട്ടികൾക്കും അതൊരു വേറിട്ട അനുഭവമായി മാറി. 
വഞ്ചിമഹേശസ്തുതിയായിരുന്നു പണ്ട് കാലത്ത് സ്കൂളിൽ പാടിയിരുന്നത് എന്ന് മേദിനിയമ്മ പറഞ്ഞപ്പോൾ
 "വഞ്ചി ഭൂമിപതേ ചിരം സഞ്ചിതാഭം ജയിക്കേണം ദേവദേവൻ ഭവാനെന്നും" ചേർന്ന് പാടി, എൺപത് കഴിഞ്ഞവർക്കൊപ്പം  പുതുതലമുറയും ആ പഴയ സകൂൾ മുറ്റത്തേക്ക് പോയി. തിരുവാതിര പാട്ടിലൂടെ കമലമ്മയും, കവിത ചൊല്ലി ജാനകിയമ്മയും കുട്ടികളെ രസം കൊള്ളിച്ചപ്പോൾ, സ്കൂൾ പഠനകാലഘട്ടവും, അധ്യാപന ജീവിതത്തേപ്പറ്റിയും വാചാലയാവുകയായിരുന്നു ആറാട്ടുപുഴ എൽ പി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപിക രമയമ്മ.
ഈ കോവിഡ് കാലത്തേയും അതിജീവിക്കാനുള്ള ധൈര്യം വേണമെന്ന് പഴയ വസൂരിക്കാലത്തെ വറുതിയും, വ്യാധിയും ഓർത്തെടുത്ത് കുട്ടികളോട് പറഞ്ഞു. അറിയാത്ത കാര്യങ്ങൾ ചോദിച്ചറിയണമെന്നും, ഗ്രാമസഭകളിൽ പങ്കെടുക്കണമെന്നും, അനുഭവങ്ങൾ എഴുതി വയ്ക്കണമെന്നും തുടങ്ങി ഒത്തിരി കാര്യങ്ങൾ മുതിർന്നവർ കുട്ടികളോട് പങ്കുവച്ചു.

പുത്തൻ സമൂഹം വാർത്തെടുക്കുന്നതിൽ എൻ.എസ്.എസ്സിന്റെ പങ്ക് എന്താണെന്നും, മേദിനിയമ്മ കൂട്ടിച്ചേർത്തു. ഓർമകളും കഥകളും പങ്കുവെക്കുന്നതോടൊപ്പം പഴയതും പുതിയതുമായ ഗാനങ്ങൾ ചേർത്തിണക്കിയ ഗാനാർച്ചനയിലൂടെ ആതിര മോഹൻ, എൻ നിഹാൽ, കശ്യപ്‌ കൃഷ്ണദാസ്  ലക്ഷ്മി തുടങ്ങിയവർ മുതിർന്ന പൗരന്മാർക്ക് ("കനലുകൾക്ക് " ) ആദരം സമർപ്പിച്ചു. 

ഒന്നര വർഷമായി അടച്ചു പൂട്ടലിൽ കഴിയുന്നവർക്ക് ഒരുമിച്ചു കാണാൻ വേദിയൊരുക്കിയതിലുള്ള സന്തോഷവും സ്നേഹവും അവർ ടി കെ എം.എം യൂണിറ്റിനെ അറിയിച്ചു.

സാമൂഹ്യനീതി വകുപ്പ് , ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ജില്ലാ നാഷണൽ സർവീസ് സ്കീം, എൽ. ജെ. ആർ. എഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരി പാടിയുടെ ഭാഗമായി "The Sound of Age" എന്ന ഹ്രസ്വചിത്ര പ്രദർശനവും നടത്തി. വയോജനങ്ങൾക്ക് എതിരേയുള്ള അതിക്രമങ്ങൾ തടയിടാൻ കുട്ടികൾ പ്രതിജ്ഞയെടുത്തു. ശ്രുതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 കോളേജിലെ ചരിത്രാധ്യാപികയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ പ്രീത എം വി സ്വാഗതം ആശംസിച്ചു. കോളേജിന്റെ പ്രിൻസിപ്പലായ ഡോ.വിനോദ് ഹരിദാസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.  വോളന്റീർ സെക്രട്ടറിയായ കെ എസ് കശ്യപ് കൃഷ്ണദാസ് കൃതജ്ഞത അറിയിച്ചു.  മുതിർന്ന പൗരന്മാർക്കൊപ്പം, നിരവധി അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും പരിപാടിയിൽ പങ്കാളികളായി.

No comments:

Post a Comment